സ്കൂളിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ
ഒരു ഒറ്റ കിളിയെ കണ്ടു
അപ്പോൾ കളിക്കൂട്ടുകാരി പറഞ്ഞു
ചെക്കാ
ഉടനെ അതിൻ്റെ ഇണയെ കൂടി കാണ്
അല്ലെങ്കിൽ
ആദ്യത്തെ പിരീഡ് മുതൽ
അടിയുടെ കാര്യം ഉറപ്പാണ്
ആദ്യ പിരീഡിൽ
ക്ലാസ്സിൽ ലേറ്റായതിന് ചൂരൽ വടിക്ക് രണ്ട് കിട്ടി
കണക്ക് ചെയ്യാത്തതിന് വേറെ രണ്ടടിയും
കൂട്ടുകാരി പറഞ്ഞു
ചെക്കാ ഞാനപ്പോഴെ പറഞ്ഞില്ലേ
ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന് രണ്ടുകൂടി
മത്തായി സാറിനോട്
കരഞ്ഞുകൊണ്ട് ആ കഥ പറഞ്ഞു
പിന്നീട്
അന്ധവിശ്വാസത്തിന് രണ്ടെണ്ണം കൂടി
അവൾക്കും കിട്ടി രണ്ട്
അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി
ഒറ്റക്കിളിയെ കണ്ടാൽ അടിയുടെ പൂരമാണ്
ഞാനും അവളും ഒരുമിച്ച് ചിരിച്ചു