ആഴക്കടലിൽ നിന്നും സൂര്യൻ
ആദ്യ ചുവട് വെച്ച്
ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന്
പടിഞ്ഞാറോട്ട് ഒന്ന് നോക്കി
ഇനിയും ദൂരംയേറെയുണ്ട്
നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത്
എന്നാലും സാരമില്ല
നടന്നല്ലേ ഒക്കൂ വേറെ വഴിയില്ല
നടന്നു നടന്നവൻ
ആകാശ മദ്ധൃത്തിൽ
ഹോ ! ഇന്ന് അല്പം ചൂടേറെയാണ്
ഞാനാകെ തളർന്നു
ഏതായാലും നടക്കാം
നടന്നേ തീരു
ഇന്നലെ വരെ
ഏഴ് വെള്ളക്കുതിരയെ
കെട്ടിയ തേരും തേരാളിയും
ഉണ്ടായിരുന്നു
രണ്ടും വയസായി
വണ്ടിക്കാണേൽ
അറ്റകുറ്റപ്പണി ബാക്കി
ഇന്നലെ ചാടിൻ്റെ പട്ടയിളകി
ചക്രതടികൾ അഞ്ച് പീസായി
വണ്ടിയില്ല നടക്കണം
എനുക്ക് ചുമ്മാതിരിക്കാൻ
ഒക്കുമോ
എൻ്റെ ജോലിയല്ലേ
വിശ്രമമില്ലാത്ത ജോലി
ഏതായാലും പടിഞ്ഞാറെത്തി
കടലിൽ പോയാൽ ലോകത്തിന്
അല്പം വെട്ടം ആരേകും
ചിന്തകൾ ഓരോന്നായി അലട്ടാൻ തുടങ്ങി
ഇന്നലെ വരെ
ചന്ദ്രനുണ്ടായിരുന്നു ഇന്ന് കണ്ടില്ല
വഴിയിൽ പതുങ്ങിയിരുന്ന
രാഹു കേറിപ്പിടിച്ചോ
ഒന്നുറക്കെ ആരുണ്ടീ ലോകത്തിന്
ഈ രാവിൽ ഇത്തിരി
വെട്ടം ഏകാൻ, എന്ക്ക്
പോകാതെ പറ്റില്ല
കടലിൽ, അവരെന്നെ
കാത്തിരിക്കുന്നു പോകാതെ പറ്റില്ല
അവർക്കും വേണ്ടേ വെളിച്ചം
ആരുണ്ട്, ഇവിടെ ലേശം വെട്ടമേകാൻ
ഞാനുണ്ടേ, അങ്ങ് ധൈര്യമായി
പോവുക, ഞാനെൻ വെളിച്ചം ഏകാം
കുഞ്ഞു വെളിച്ചവുമായി
കുഞ്ഞ് മിന്നാമിനുങ്ങ് ഒടിയെത്തി